27 June 2011

സഹയാത്രികന്‍

5

 
റെയില്‍വെസ്റ്റേഷനിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു ഞാന്‍,  ട്രെയിന്‍റെ സമയമായിരിക്കുന്നു, മിസ്സായാല്‍ ഇന്നത്തെ യാത്ര മുടങ്ങും, അപ്പോഴാണ്` പിറകില്‍നിന്ന് ആരോ വിളിച്ച പോലെ..
'സുഹൃത്തെ ഞാനും വരുന്നു നിന്‍റെ കൂടെ..' 
'അതാരാണിപ്പൊ എന്‍റെ കൂടെ വരുന്നവന്‍..' 
'സംശയിക്കേണ്ട ഞാനും ആ വണ്ടിയില്‍ തന്നെയാണ്` !  നീ പോകുന്നിടത്തേക്ക് തന്നെ..!!'
എന്‍റെ അനുവാദത്തിന്` കാത്തുനില്‍ക്കാതെ അവന്‍ കൂടെ വന്നു, വണ്ടിയില്‍ കയറി, ഒരേ കംപാര്‍ട്മെന്‍റില്‍.. തൊട്ടടുത്ത്..
എനിക്ക് എതിരൊന്നും പറയാന്‍ കഴിഞ്ഞില്ല, കൂട്ടിനൊരാളാകുമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു..
രാത്രിയില്‍ അവന്‍ ഒന്നും പറയാതെ എന്‍റെ ബര്‍ത്തില്‍ കയറിക്കിടന്നു 
ഉറങ്ങി ...
.

ആരോ കുലുക്കിവിളിച്ചപ്പോഴാണ്` ഞാനുറക്കില്‍നിന്നു ണര്‍ന്നത്..
സുഹൃത്തെ, എഴുന്നേല്‍ക്കൂ ഇറങ്ങേണ്ട സ്ഥലമെത്തി, ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു, വേഗം ട്രെയ്നില്‍നിന്നിറങ്ങി.. നീങ്ങിത്തുടങ്ങിയിരുന്നു...
വിളിച്ചുണര്‍ത്തിയ സഹയാത്രികന്` മനസാ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ നടന്നു..
"അല്ല, അവനെവിടെ..?!"
തിരിഞ്ഞുനോക്കാനൊരുങ്ങുംബോഴേക്കും ചുമലില്‍ ഒരു കരശ്പര്‍ശം..
"പരിഭ്രമിക്കേണ്ട, ഞാനിവിടെയുണ്ട്..!"

21 June 2011

പ്രണയം 

5

റൂമിയുടെ അനശ്വര പ്രണയകഥ : 
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഇവിടെ രണ്ട് പേര്‍ക്ക് ഇടമില്ല !
അവന്‍ തിരിച്ചുപോയി. 
നാളുകള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു, വാതിലില്‍ മുട്ടി..
 ആരാണത് ?  
 ഇത് നീ തന്നെയാണ്` ..!
അവന്` മുന്നില്‍ വാതില്‍ തുറന്നു...!

പുതിയ കാലത്തെ പുനരാവിഷ്കാരം :
കാമുകന്‍ കാമുകിയുടെ വാതിലില്‍ മുട്ടി
ആരാണത് ?  അകത്ത്നിന്ന് കാമുകിയുടെ ചോദ്യം
ഇതു ഞാനാണ്` ..!
ഞാനെന്നു വെച്ചാല്‍..? 
വാതില്‍ തുറക്കെടീ..!
ഇവിടെ ഇനിയുമൊരാള്‍ക്ക് കൂടി ഇടമില്ല.. നീ പോയി പിന്നെ വരൂ..!
അവന്‍ തിരിച്ചുപോയി
ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വീണ്ടും വന്നു
ആരാണത് ?
ഇത് അവനാ..!
ഏത് അവന്‍..?
മറ്റവന്‍..!
അവന്` മുന്നില്‍ വാതില്‍ തുറന്നു


18 June 2011

വിദ്യാഭ്യാസ വിവാദം

2


ജൂണില്‍ വിദ്യാലയങ്ങള്‍ തുറന്നയുടനെ തന്നെ വിദ്യാഭ്യാസമേഘലയില്‍ വിവാദങ്ങളും തുടങ്ങി. ഇത് കൊല്ലം തോറും നടക്കാറുള്ള പതിവ് കലാപരിപാടിയാണെങ്കിലും ഇത്തവണ പുതിയ സര്‍കാറിന്‍റെ പ്രവേശനോല്‍സവം കൂടിയായപ്പോള്‍ വിവാദത്തിന്` ചൂട് കൂടി.  വിദ്യാഭ്യാസ മന്ത്രിയാണ്` ആദ്യം വെടി പൊട്ടിച്ചത് ! 'വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കും'. വിവാദമായപ്പോള്‍ വാ(നാ)ക്കുപിഴയെന്ന് പറഞ്ഞ് മന്ത്രി വിഴുങ്ങി. സേവനമേഖലകള്‍ കുത്തക ഭീമന്‍മാര്‍ക്ക് തീരെഴുതാന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂടം വിദ്യാഭ്യാസം എന്തിന്` നല്‍കാതിക്കണം ? 


തൊട്ടുപിന്നാലെ വന്ന സി ബിഎസ് സി സ്കൂളുകള്ക്ക് എന്‍ ഒ സി നല്‍കാനുള്ള തീരുമാനം അതിലേറെ വിവാദമായി ! ഭരണപക്ഷ അനുകൂല സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി ! വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ വിദ്യാര്‍ത്ഥിസംഘടന പ്രത്യക്ഷ സമരപരിപാടള്‍ നടത്തി..! ഇടതും വലതും അധ്യാപകസംഘടനകള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചു.
ആറാം പ്രവൃത്തി ദിനത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ കണ്ടെത്തിയ കുട്ടികളുടെ കുറവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വര്‍ധനവും സൂചിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഘല തകര്‍ച്ച നേരിടുന്നു എന്നാണ്. സ്വകാര്യമേഘലയില്‍ പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ഈ തകര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് നിസ്തര്‍ക്കമാണ്.  അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകുന്നതോടെ സര്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും, അതോടെ വിദ്യാഭ്യാസം പൈസ കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തുവായി മാറും. അല്ലെങ്കിലും പൈസയുള്ളവന്‍ പഠിച്ചാല്‍ മതി എന്നൊരു വരേണ്യവര്‍ഗ നീതിസാരം പലരുടേയും ഉള്ളിലുണ്ട് ! 14 വയസ് വരെ സൌജന്യ വിദ്യാഭാസം കുട്ടികളുടെ അവകാശമാണെന്ന് കേന്ത്ര വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.  പാവപ്പെട്ടവന്` പല മേഖലകളിലും ധാരാളം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടല്ലോ.. കൂട്ടത്തില്‍ ഇതും കൂടിയാവട്ടെ..! 

പല അധ്യാപകരും സര്‍കാര്‍ ശംബളം പറ്റുന്നവരും രാഷ്ട്രീയ പാര്‍ടികളുടെ ചെറുതും വലുതുമായ നേതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലാണ്` പഠിപ്പിക്കുന്നത് !  മക്കളെ സ്വകാര്യവിദ്യാലയത്തിലേക്കയക്കുന്ന അധ്യാപകര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് ഇടതുപക്ഷ അധ്യാപക സംഘടനക്ക്  പ്രഖ്യാപിക്കേണ്ടിവന്നത് അത് വ്യാപകമായതുകൊണ്ടാണ്` .
പൊതുവിദ്യാഭ്യാസം തകരുന്നു/തകര്‍ക്കുന്നു എന്ന് മുറവിളി  കൂട്ടുന്നവര്‍ സ്വന്തം കാര്യത്തില്‍ എതിര്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.   ഇതെന്തുകൊണ്ടാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്. 


മറ്റൊരു വിവാദമുണ്ടായത്  'സ്വാശ്രയ'ത്തിലാണ്. ആരൊഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിയതുമായി  ബന്ധപ്പെട്ടാണ്` തര്‍ക്കം തുടങ്ങിയത്. പിന്നെ വിദ്യാഭ്യാസമന്ത്രിയുടെ മകന്‍റേയും ഡി വൈ എഫ് ഐ നേതാവിന്‍റെ മകളുടെയും സീറ്റുകളും വിവാദമായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലായി. എന്‍ ആര്‍ ഐ കാരനല്ലാത്ത പാര്‍ടി നേതാവ് എന്‍ ആര്‍ ഐ സീറ്റ് കരസ്ത്ഥമാക്കിയത് കൂടുതല്‍ വിവാദമായി. ഒടുവില്‍ മൂന്ന്പേര്‍ക്കും ധാര്‍മികതയുടെ പേര്‌ പറഞ്ഞ് സീറ്റ് ഉപേക്ഷിക്കേണ്ടി വന്നു.  വാങ്ങുംബോള്‍ ഇല്ലാത്ത ധാര്‍മികത പരസ്യവിവാദമായപ്പോള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചുപോകരുത്. 

പാര്‍ടിക്കാരായ നേതാക്കന്‍മാരൊക്കെ ഇങ്ങനെ ധാര്‍മികത പാലിക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ പഠനം പെരുവഴിയിലാവില്ലേ ? ഇവരും മക്കളുടെ അച്ഛന്‍മാരല്ലെ ?!  അത് നമ്മള്‍ മനസിലാക്കേണ്ടേ...!? 
ഇതോടെ മിക്ക സ്വാശ്രയ സ്ത്ഥാപനങ്ങളിലും 50:50 എന്നത് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന രഹസ്യം പരസ്യമായി,  സ്വശ്രയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന സത്യം അനാവൃതമായി. സ്വാശ്രയസമവാക്യം 50:50 എന്നത് 50+50 ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ (പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍) സര്‍കാറിന്` വഴങ്ങുമെന്ന് തോന്നുന്നില്ല, തിരിച്ച് സര്‍കാര്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങുന്നതാണ്` നാം കാണാന്‍ പോകുന്നത്..! മന്ത്രി പറഞ്ഞ പോലെ അലാവുദ്ദീന്‍റെ അത്ഭുതവിളക്കൊന്നും കയ്യിലില്ലാത്ത സര്‍കാര്‍ എന്ത് ചെയ്യാന്‍ ? അല്ലേ !?
കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുടത്തിലടക്കാനുള്ള വിദ്യ ഇനി ആരുടെ കയ്യിലാണാവോ...?!   

   

10 June 2011

ഗള്‍ഫ്സ്മരണകള്‍

0


dubai-night-life-nightlife-skyline-image-1001.jpgഗള്‍ഫുകാരന്‍ എന്ന പ്രയോഗത്തിന്` ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. മെഴുകുതിരി പോലെ മറ്റുള്ളവറ്ക്ക് ജീവിതം നല്കി സ്വന്തം ജീവിതം മണലാരണ്യത്തില്‍ ഉരുകി തീരുന്നവന്‍..! സ്വന്തം വീട്ടിലും നാട്ടിലും അതിഥിയെപോലെ വന്നു പോകാന്‍ വിധിക്കപ്പെട്ടവന്‍..  വീട്ടുകാരുടേയും ബന്ധുക്കളുടേയും കറവപ്പശു..  രാജ്യത്തിന്` വിദേശനാണയം നേടിക്കൊടുക്കുന്നവന്‍, എന്നാല്‍ ആനുകൂല്യങ്ങള്‍ക്കൊന്നും ആര്‍ഹതയില്ലാതവന്‍, മുഖത്ത് സദാ വിരഹവേദനയുടെ വിരല്‍പാടുകള്‍ തെളിയുന്നവന്‍  കടംകൊണ്ട് വലയുംബോഴും ലീവിന്` നാട്ടില്‍ ചെല്ലുംബോള്‍ എല്ലാവര്‍ക്കും കൈ നിറയെ നല്കേണ്ടവന്‍, എന്നാലും ഒന്നും തന്നില്ലെന്ന പരാതി കേള്‍ക്കേണ്ടി വരുന്നവന്‍, ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അനേകം വിശേഷണങ്ങള്‍ക്കുടമയാണ്` ഗള്‍ഫുകാരന്‍..!

                                       
ബന്ധുക്കള്‍ നാട്ടുകാര്‍, സുഹ്റ്ത്തുക്കള്‍, സഹപാഡികള്‍, വിവിധദേശക്കാര്‍ ഭാഷക്കാര്‍ അങ്ങനെ പലരേയും കാണാനിടയായി. അംബരചുംബികളായ കെട്ടിടങ്ങള്‍.., പെട്രോളിന്‍റെ സംബന്നത, ഒരിക്കലുമുറങ്ങാത്ത നഗരം...  തൊഴില്‍ തേടി വന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരുടെ ദൈന്യമുഖം എവിടേയും കാണാം.  ജോലിയില്ലാത്തവര്‍ക്ക് അതിനായുള്ള  നെട്ടോട്ടം..ഉള്ളവര്‍ക്ക് ശമ്ബളം കുറവായത്.. മാസങ്ങളായി ശംബളം കിട്ടാത്തത്.. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍.. വിസയും ബത്താക്ക (തിരിച്ചറിയല്‍ കാര്‍ഡ്) യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,, വീട്ടിലെ  പ്രശ്നങ്ങള്‍,,  മകളുടെ/സഹോദരിയുടെ വിവാഹം,, വീടുനിര്‍മാണം..  അങ്ങനെ തീര്‍ത്താല്‍ തീരാത്ത , അനന്തമായ പ്രശ്നങ്ങളുടെ, പ്രയാസങ്ങളുടെ, കടബാധ്യതകളുടെ, കഷ്ടപ്പാടുകളുടെ, വേര്‍പാടിന്‍റെ, വിരഹവേദനയുടെ, നൊംബരങ്ങളുടെ, നെടുവീര്‍പുകളുടെ ഒരു തുരുത്താണ്` പ്രവാസജീവിതമെന്ന് എനിക്ക് ബോധ്യമായി.  ഒരു സാധാരണ പ്രവാസിയുടെ അവസ്ഥയാണിത്.ഇതിനപവാദങ്ങളുണ്ടാവാം...!


                                                                         ദുബായിലെ മര്‍ഗം മരുഭൂമി
         
ജോലിയന്വോഷണം ഗള്‍ഫ് യുദ്ധമെന്ന വന്‍മതിലില്‍ തട്ടി ഉടക്കി, യുദ്ധമാണെവിടെയും സംസാരവിഷയം..! അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാഖില്‍ നിരന്തരമായി ബോംബുകള്‍ വര്‍ഷിക്കുന്നു നഗരങ്ങളും കെട്ടിടങ്ങളും തകരുന്നു.. നിരപരാധികള്‍ മരിച്ചു വീഴുന്നു..  മനുഷ്യജീവിതങ്ങള്‍  ദുരിതം പേറുന്ന കാഴ്ചകള്‍..! ഓരോ യുദ്ധത്തിനും ന്യാന്യായങ്ങള്‍ അനേകമുണ്ട്, നഷ്ടങ്ങളും കെടുതികളും അനുഭവിക്കുന്നത് സാധാരണക്കാരും നിരപരാധികളുമാണെന്ന് മാത്രം...!?


                                 യുദ്ധസമയത്ത് തീ പിടിച്ച എണ്ണ

7 June 2011

കത്തി

3

പതിവു പോലെ ജോലിക്ക് പോകാന്‍ നേരം അടുക്കളയില്നിന്ന് ഭാര്യ വിളിച്ചുപറഞ്ഞു 
 "നിങ്ങള്‍ വരുംബൊ ഒരു കത്തി വാങ്ങിക്കൊണ്ട്വരണം ട്ടാ.."
ഒരു സാധാരണവീട്ടമ്മ  മാത്രമായ അവള്‍ക്ക് കത്തിയെന്തിന്` എന്ന ചോദ്യം അസംഗതമാണെന്നറിയാവുന്നത് കൊണ്ട് അയാള്‍ മൂളുക മാത്രം ചെയ്തു.  കണ്ണടയെടുത്ത് മുഖത്ത് വെച്ചു, കണ്ണാടിയില്‍ ഒന്നുകൂടി നോക്കി മുടിയിഴകള്‍ നിറം മാറിത്തുടങ്ങിയിരിക്കുന്നു ഒരു സന്ദേശം നല്കുന്ന പോലെ..  ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ബാഗും കുടയുമെടുത്    പുറത്തിറങ്ങി. അങ്ങാടിയിലെത്താന്‍ പത്ത് മിനിറ്റ് നടക്കണം അവിടെനിന്ന് ബസ് കയറി വേണം സ്കൂളിത്താന്‍, സമയം വൈകിയിരിക്കുന്നു, അയാള്‍ നടാത്തത്തിന്` വേഗം കൂട്ടി,  


ബസ്സില്‍ നല്ല തിരക്കായിരുന്നു, ആളുകളുടെ ചവിട്ടും കുത്തുമേറ്റ് ഒരു വിധത്തില്‍ കയറിപ്പറ്റി,   സ്കൂളിലെത്തുംബോഴേക്കും  ബെല്ലടിച്ചിരുന്നു. സഹപ്രവര്‍ത്തകരോട് കുശലം പറഞ്ഞുകൊണ്ട് അയാള്‍  രജിസ്റ്ററെടുത്ത് ഒപ്പിട്ടു.   കുട്ടികളുടെ പഠനവും പ്രവര്‍ത്തനങ്ങളും കളികളും കുസ്റ്തികളുമൊക്കെയായി അന്നത്തെ ദിവസം  അവസാനിച്ചു.

സ്കൂളില്‍നിന്ന് വരുന്ന വഴി അങ്ങാടിയില്‍നിന്ന് ചില്ലറ  സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിക്കാന്‍ നേരമാണ്` കത്തി വാങ്ങണമല്ലൊ എന്ന് അയാളോര്‍ത്തത്, അപ്പോഴാണ്` അടച്ചിട്ട ഒരു ക്കടയുടെ തിണ്ണയില്‍ കുറെ കത്തികളും മൂര്‍ച്ച കൂട്ടുന്ന യന്ത്രവുമായി ഒരാള്‍ നില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പെട്ടത്. അയാള്‍ അങ്ങോട്ട് ചെന്ന് ഒന്നുരണ്ട് കത്തികളെടുത്ത് തിരിച്ചും മറിച്ചും നോക്കി, വില അന്വോഷിച്ചപ്പോള്‍ കുറവാണെന്ന് തോന്നി പിന്നീടൊന്നും ആലോചിക്കാതെ അയാള്‍ ഒന്നെടുത്ത് കാശ് കൊടുത്തു, അയാള്‍ വീട്ടിലേക്ക് തിരിച്ചു,

വീട്ടിലെത്തിയ പാടെ അയാള്‍ വസ്ത്രം മാറി, ചായ കുടിച്ചുകൊണ്ടിരിക്കെ പത്രമെടുത്തു നോക്കി, 'വെട്ടിക്കൊലയും കത്തിക്കുത്തും രണ്ട് മൂന്നെണ്ണം ഇന്നുമുണ്ടല്ലോ' അയാള്‍ മനസാ പറഞ്ഞു. 
രാക്ഷ്ട്രീയം: ....... കാരനെ വെട്ടിക്കൊന്നു',
കുടുംബകലഹം: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു',
സ്വത്ത് തര്‍ക്കം : സഹോദരനെ കുത്തിക്കൊന്നു'
ആയുധശേഖരം പിടിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ കണ്ട് അയാളുടെ കണ്ണ്` തള്ളി !  'ഞാന്‍ വാങ്ങിയ കത്തി എന്തിന്` കൊള്ളും..?' 
"നിങ്ങള്‍ കൊണ്ട് വന്ന കത്തി കണ്ടോ ?!"
അടുക്കളയിലായിരുന്ന ഭാര്യ വരാന്തയിലേക്ക് വന്നു, മുറിഞ്ഞ കത്തിയും പിടിയും കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു!

അയാള്‍ തനിക്ക് പറ്റിയ അമളി പുറത്തുകാണിച്ചില്ല,  സാധനം വാങ്ങുംബോള്‍ ശ്രദ്ധിക്കാതിരുന്നത് തന്‍റെ കുറ്റമായതിനാല്‍ അയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തെരുവുകച്ചവടാക്കാരന്‍  പറ്റിച്ചതായിരിക്കും, അയാളെ അങ്ങാടിയില്‍ മുംബൊന്നും കണ്ടിട്ടില്ല, ഇനിയുമയാളെ കാണാന്‍ സാധ്യതയുമില്ല. 
'പോട്ടെ അത്ര വില കൂടിയ സാധനമൊന്നുമല്ലല്ലോ'
അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. !

പിറ്റേന്ന് ഒഴിവ് ദിവസമായതിനാല്‍ രാവിലെ വൈകിയാണയാള്‍ ഉണര്‍ന്നത്. ദിനചര്യകള്‍ക്ക് ശേഷം ചായ കുടിക്കാനിരുന്നപ്പോള്‍  ഭാര്യ പറഞ്ഞു: 
"അങ്ങാടീല്‍ ഇന്നലെ കത്തിക്കുത്ത് നടന്നൂന്ന് പത്രത്തില്ണ്ട്..!" 
"നേരോ ?!"
അയാള്‍ പത്രമെടുത്ത് വായിച്ചു.. അയാളുടെ ഹ്റ്ദയമിടിപ്പ് വര്‍ദ്ധിച്ചു  തല കറങ്ങുന്നതായും കാലുകള്‍ തളരുന്നതായും  അയാള്‍ക്ക് അനുഭവപ്പെട്ടു !  

 "... ഇന്നലെയുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ഒരാള്‍ ആശുപത്രിയിലായി, അയാളുടെ നില ഗുരുതരമാണ്, കത്തികള്‍ വില്പന നടത്തിയിരുന്ന അപരിചിതനെ പൊലീസ് അറസ്റ്റ് ചെയ്തു,  ഇയാളുടെ കയ്യില്‍നിന്ന് കത്തി വാങ്ങിയവര്‍ ആരൊക്കെയാണെന്ന് പൊലീസ് അന്വോഷിക്കുന്നു...!